Wednesday, 4 June 2014

ദേശീയ മത്സരം... ജാര്‍ഖണ്ട് 

ജാര്‍ഖണ്ടിനു പുറപ്പെടുന്ന നേരത്ത് ടീം മാനേജരായ ചന്ദ്രണ്ണന്‍ ചോദിച്ചു “മഷേ, അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നറിയുമോ”... ?
ഞാന്‍ പറഞ്ഞു. “ഖനികളുടെ നാടല്ലേ...
ബൊക്കാറോ സ്റ്റീല്‍ ഫാക്ടറിയും കല്‍ക്കരിഖനികളും അവിടുത്തെ പ്രത്യേകതയല്ലേ”
പിന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയുടെ നാടും
അദ്ദേഹം ഉടനെ പറഞ്ഞു- “അതുമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലുതും ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതുമായ പവ്വര്‍ഹൌസ് ജാര്‍ഖണ്ടിലെയാണ്”
ഞാനംഗീകരിച്ചുകൊണ്ടു മൊഴിഞ്ഞു “നിങ്ങൾ വൈദ്യുതി വകുപ്പിന്‍റെ ആളായതുകൊണ്ടാണല്ലോ ഇത്ര ഉറപ്പ്... ശരി ചെന്നു നോക്കാം എങ്ങനെയായിരിക്കുമെന്ന് ”
27-നു രാത്രി ജാര്‍ഖണ്ടിലെ കുഡര്‍മ്മ ജില്ലാ ആസ്ഥാനത്തിലെ ജുമരിതലയ എന്ന സ്ഥലത്തെത്തിയ ഞങ്ങളെ വരവേറ്റത് മുടിഞ്ഞ മഴയും നിറഞ്ഞ ചെളിയും മലമൂത്രവിസര്‍ജ്ജ്യങ്ങളും അഴുക്കുചാലും ചേര്‍ന്ന് ഒന്നായി രമിക്കുന്ന വഴിയുമാണ്.. വൈദ്യുതിയില്ലാതിരുന്നതിനാല്‍ കൂടുതലൊന്നും കാണേണ്ടി വന്നില്ല. നിറയെ ഫാനും ലൈറ്റുകളുമുള്ള, കൊതുകുകളുടെ ആസ്ഥാനകേന്ദ്രത്തില്‍ത്തന്നെ അക്കോമഡേഷന്‍ തരപ്പെട്ടതുകൊണ്ട് ഉറക്കം ഗംഭീ(ക)രമായി.
നേരം ഒരുപാടു വെളുത്തതോര്‍ത്ത് ചാടിയെണീറ്റപ്പോഴാണ്... കൈയിലെ ഘടികാരത്തില്‍ മണി അഞ്ചുപോലുമായിട്ടില്ല എന്നറിഞ്ഞത്. സത്യത്തില്‍, 8- മണിയുടെ പ്രതീതിയാണുണ്ടായിരുന്നത്. പിന്നീടു കിടക്കാനൊരുങ്ങാതെ പ്രഭാത കൃത്യങ്ങൾ കൃത്യമായി തീര്‍ത്ത് കുളിച്ചുന്മേഷവദനനായി കൊതുകാസ്ഥാന കേന്ദ്രത്തിലെ
അത്ര സ്ഥിരതയില്ലാത്ത മാനേജരോടു ഞാന്‍ ചോദിച്ചു.
“ഇവിടെ ഫാനൊക്കെ പ്രവര്‍ത്തിക്കുന്നതാണോ”....?
അയാളുടനെ മറുമൊഴി വിട്ടു:- “കറണ്ടു വരുമ്പോൾ മാത്രം സാര്‍”....
ഞാന്‍:- “അതെന്താ”….?
അയാൾ:- “ഇവിടെ 9-മണിക്കൂര്‍ പവ്വര്‍കട്ടാണ് സാര്‍”...
ഞാന്‍:- “ഇന്ത്യയിലെ ഏറ്റവും വലിയ പവ്വര്‍ഹൌസ് അല്ലേ. ഇവിടുള്ളത്”… ?
അയാൾ:- “അറിയില്ല സാര്‍”...!!!
ഞാന്‍:- “നിങ്ങൾക്കിവിടെ സമരവും ഹര്‍ത്താലും ബഹളവുമൊന്നുമില്ലേ”..?
അയാൾ:- “അതെന്തിനാ സാര്‍”...?
എന്നിലെ വിപ്ളവകാരി സടകുടഞ്ഞെണീറ്റു പ്രതികരിച്ചു ഇങ്ങനെ 9-മണിക്കൂര്‍ പവ്വര്‍ക്കട്ടു ശരിയല്ലല്ലോ”…!!!
അയാൾ:- “അതൊന്നും ഞങ്ങൾക്കറിയില്ല സാര്‍... കാലങ്ങളായി ഞങ്ങൾക്കിതു ശീലമാ. ആര്‍ക്കും ഇതൊന്നും ഒരു പ്രശ്നമേയല്ല..സാര്‍
ജീവിക്കാനുള്ള തത്രപ്പാടില്‍ ഇതൊക്കെ നോക്കാന്‍ ആര്‍ക്കാണു നേരം...”
ഞാനതിശയിച്ചു പോയി...!!!
നമ്മുടെ കേരളത്തിലാണെങ്കില്‍...??? ഒന്നാലോചിച്ചു നോക്ക്യേ…!!!
ഒരു സര്‍ക്കാരിനെത്തന്നെ താഴെയിറക്കാന്‍ പോരുന്ന
വിലപിടിപ്പുള്ള സാധനമാണിത്..
ഒരു സെക്കന്‍റു കറണ്ടുപോയാല്‍.. എവിടെ നിന്നൊക്കെ വിളി വന്നിരിക്കും.. അവര്‍,
മന്ത്രി മുതല്‍ സകല കറണ്ടുദ്യോഗസ്ഥന്‍റേയും നെഞ്ചത്തോട്ടു കേറി തന്തയേയും തള്ളയേയും മാത്രമല്ല അവരുടെയൊക്ക
മണ്മറഞ്ഞ കാരണവന്മാരെ വരെ തെറികൊണ്ടു കുളിപ്പിക്കും
പരമ്പരാഗതമായ ഹര്‍ത്താല്‍ പരമ്പരതന്നെ നടത്തിയേനേ...
ഇവിടാണെങ്കിലോ.. 9-മണിക്കൂര്‍ പവ്വര്‍ക്കട്ടും കറണ്ടുണ്ടെങ്കിലോ
വന്നു പോകുക മാത്രമല്ല.
മൊബൈലു ചാര്‍ജു ചെയ്യുമ്പോൾ ടി.വിയും റൂമിലെ ലൈറ്റും വര്‍ക്കാവില്ല
ലൈറ്റിടുമ്പോൾ മൊബൈലും ടി.വിയും ചാര്‍ജാവില്ല. ടി.വി. ഓണാക്കുമ്പോൾ മൊബൈലും ലൈറ്റും വര്‍ക്കാവില്ല
അങ്ങനെ അങ്ങുമിങ്ങും പ്രശ്നങ്ങളുണ്ടാക്കുകയാണ്
കറണ്ടുള്ളപ്പോളുള്ള 'വോൾട്ടേജി'ന്‍റെ 'പണി'
ഈ നാടിനെ അപേക്ഷിച്ച് പലതുകൊണ്ടും
നമ്മുടെ നാടെത്ര സ്വര്‍ഗ്ഗമെന്നു തോന്നും...
ഉയര്‍ന്ന ചിന്തയും സമത്വവും സ്വാതന്ത്ര്യവും അവകാശവും നേടാന്‍ കരുത്തുള്ള ഒരു രാഷ്ട്രീയദൃഷ്ടിപോലും
ഇവിടുത്തെ ജനതയുടെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടേയില്ലെന്ന് എനിക്കു മനസ്സിലായി.
വൈകാരികവും മതപരവുമായ ചില സന്ദര്‍ഭങ്ങളില്‍ പൊട്ടിത്തെറിക്കുന്നതല്ലാതെ അവര്‍ മറ്റൊന്നിലും ശ്രദ്ധിക്കാതെ, അന്നന്നത്തേയ്ക്കായി സ്വജ്ജീവിതം മുന്നോട്ടു തള്ളിനീക്കുന്നു. സന്തോഷത്തോടെ ജീവിക്കുന്നു.
വരും തലമുറയ്ക്കു കാത്തുവയ്ക്കാനൊന്നുമില്ലാത്തവരില്‍ നിന്ന്... കുട്ടികളൊന്നൊന്നായി പലായനം ചെയ്യുന്നു അഥവാ മറ്റുള്ളവരാല്‍ കടത്തപ്പെടുന്നു.
ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തനവുംകൊണ്ട് എന്‍റെ നാടിനെ സ്വര്‍ഗ്ഗമാക്കുകയും...
എന്തുതന്നെ പറയാനും എങ്ങനെയും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശങ്ങൾ നേടിയെടുക്കാനുള്ള സാഹചര്യവും ഒരുക്കിത്തരുകയും....
തുടര്‍ സമരങ്ങളിലൂടെ ജീവനും ജീവിതവും നാടിനര്‍പ്പിക്കുകയും..
ചെയ്തിട്ടുള്ള പൂര്‍വ്വികന്മാരേ...
നിങ്ങളെ എത്രവട്ടം നമിച്ചാലും അതൊട്ടും മതി വരില്ല..
നിങ്ങളോടുള്ള കടപ്പാടു മറക്കാത്ത കുറച്ചുപേരെങ്കിലും ഇനിയും ഇവിടങ്ങളില്‍ അവശേഷിക്കുന്നു.
പുത്തന്‍ നാമ്പുകൾ സുഖലോലുപതയിലേക്കു പതിക്കുന്നത്
നിങ്ങളോടുള്ള വഞ്ചനതന്നെയാണ്...
നാശം... എല്ലാത്തിനുമുണ്ടല്ലോ.... അതല്ലേ ശരി…
അല്ലേ..???