Friday, 31 January 2014


വൃദ്ധരും..ശുദ്ധരും...


ഇളയവനിന്നു വൈകിട്ടു ചോദിച്ചു :-
   "വൃദ്ധരും..ശുദ്ധരും.. തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... വൃദ്ധരെന്നാല്‍, ഏകദേശം
 അറുപത് അറുപത്തഞ്ചു വയസ്സ് കഴിയുന്നവരാണ്..
 ജീവജാലങ്ങളെല്ലാം അവയുടെ കാലചക്രമനുസരിച്ച്
 പ്രായമേറിക്കൊണ്ടിരിക്കും.. വാര്‍ദ്ധക്യമാവും...

 “ശുദ്ധരെന്നാല്‍.. കളങ്കമില്ലാത്തവരെന്നാണ്.
 കുടിലവും വളഞ്ഞതുമായ യാതൊന്നും
 തിരിച്ചറിയാന്‍ പ്രാപ്തി ഇല്ലാത്തവര്‍...
 നേരേ വാ നേരേ പോ എന്ന ആളുകൾ"

മൂത്തവന്‍ "എടാ വൃദ്ധരെന്നാല്‍, അവര്‍ കടലുപോലെയാണ്.
 ലോകത്തിലുള്ള എന്തൊക്ക അതില്‍ കൊണ്ടിട്ടാലും
 ഉപ്പുരസമേ അതിനുണ്ടാകൂ.. 
 ജാതിയോ, മതമോ, വര്‍ഗ്ഗമോ, നിറമോ, രാജ്യമോ ഏതുമാകട്ടെ
 പ്രായമായിക്കഴിഞ്ഞാല്‍ വൃദ്ധരെല്ലാം ഒറ്റ സ്വഭാവമാ..
 കടും പിടുത്തം"... ചിലര്‍ക്കു ഏകാന്തതയും

ഇളയവന്‍:-  "എന്‍റെയപ്പാ.. എന്‍റെയേട്ടാ...
 രണ്ടാളും ചേര്‍ന്നു  തോന്ന്യാസം പറയാതെ...  
 വൃദ്ധരെന്നാല്‍...  ‘ഭരണവും’
 ശുദ്ധരെന്നാല്‍.....  ‘പ്രജയും’...... ആണ്”

ഭാര്യ:- "ഈ അശുദ്ധന്‍റെ കടുംപിടുത്തം മൂലം ഭരണശേഷി നഷ്ടപ്പെട്ടു
 ഇത്ര ചെറുപ്പത്തിലെ വൃദ്ധയാകേണ്ടി വന്ന 
 ഒരു ശുദ്ധയായിപ്പോയല്ലോ ഞാന്‍ "..!!!
 ഡിങ്കേശ്വരന്റെ പടത്തിലോട്ടു നോക്കി അവളു പറയുന്നത്.. 
 കേട്ടതായി ഞാന്‍ ഭാവിച്ചില്ല.


Saturday, 25 January 2014

അവനവന്‍റെ കാലം... കലികാലം..


ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..

കടലുകള്‍ കരയുന്ന കാലം.. - വേഗം
വെയിലുകള്‍ വേവുന്ന കാലം..
മലകളും മാമരക്കുന്നും.. - നൊന്തു
തലയറ്റു വീഴുന്ന കാലം

കുടിലുകള്‍ പിടയുന്ന കാലം.. കനവിന്‍
പടവുകള്‍ ഉടയുന്ന കാലം..
മതിലുകള്‍ പെരുകുന്ന കാലം.. - ഓരോ
മതമിങ്ങു പൊരുതുന്ന കാലം

ബന്ധങ്ങളുലയുന്ന കാലം.. - തമ്മില്‍
ബന്ധിച്ചു വലയുന്ന കാലം..
'സന്ധി' കള്‍ വാഴുന്ന കാലം.. നേരില്‍
സന്ധിച്ചു വീഴുന്ന കാലം.

മണ്ണുകള്‍ പിരിയുന്ന കാലം.. - തങ്ങളില്‍
മൗനങ്ങള്‍ വിരിയുന്ന കാലം..
മറവിയില്‍ ഒളിയുന്ന കാലം.. - ഉള്ളില്‍
മറനീങ്ങി വിളയുന്ന കാലം.

തണലുകള്‍ തേടുന്ന കാലം.. - മുന്നില്‍
തുണചീറി ഓടുന്ന കാലം..
നിണമേകി നേടുന്ന കാലം.. - നമ്മില്‍
പിണമായി നീറുന്ന കാലം

പ്രണയം വിടരുന്ന കാലം... - ചാവിന്‍
ചുണയില്‍ പുണരുന്ന കാലം..
തണുവില്‍ പൊള്ളുന്ന കാലം.. - നാവിന്‍
തണലില്‍ തള്ളുന്ന കാലം

കാലങ്ങളോടുന്നു കണ്ണില്‍.. - നിത്യം
കാലപ്പഴക്കങ്ങളുള്ളില്‍..
കാലത്തികപ്പാര്‍ന്നു ഭൂവില്‍.. ന്‍റെ
കാലൊച്ച തീര്‍ക്കുന്നിതാഴി - ന്‍റെ

കാലൊച്ച തീര്‍ക്കുന്നിതാഴി - ...

ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..


മതിയില്ല വേഗം നടക്കുവാന്‍..- ഇനി
കൊതിയില്ല ദൂരം അടുക്കുവാന്‍..
ഗതിയില്ല നേരം പുതുക്കുവാന്‍...-ദര്‍
ഗ്ഗതിയില്ലോ കാലം കഴിക്കുവാന്‍


Wednesday, 22 January 2014


                പല്ലും പുല്ലും


ഇളയവന്‍: "അപ്പാ, പല്ലും പുല്ലും തമ്മിലെന്താ വ്യത്യാസം..???

ഞാന്‍: "എടാ, പല്ലെന്നാല്‍ ആഹാരസാധനങ്ങള്‍ ചവച്ചരയ്ക്കാന്‍ ഓരോ ജീവിയിലും കാല്‍സ്യനിര്‍മ്മിതമായിട്ടുള്ള അവയവം.
ചില യന്ത്രഭാഗങ്ങള്‍ക്കും വാള്‍, ചീപ്പ് എന്നിവയുടെ കൂര്‍ത്തഭാഗത്തിനും
തക്കോലിന്റെ ഉള്ളിലുള്ള ഒരു ഭാഗത്തിനും പല്ലെന്നു പറയുന്നു. “

"പുല്ലെന്നാല്‍ മൃഗങ്ങള്‍ തിന്നുന്നൊരു ആഹാര വസ്തുവാണ് …
പുഴയിലെ മണല്‍ത്തിട്ടക്കും 'വെറും നിസ്സാരം' എന്നയര്‍ത്ഥത്തിലും
ഇതു പ്രയോഗിക്കാറുമുണ്ട് "

ഇളയവന്‍: "എന്റെയപ്പാ..!!! അതൊന്നുമല്ലിത് ;
പല്ലെന്നാല്‍ 'വേട്ട'യും
പുല്ലെന്നാല്‍ 'ഇര'യുമാണ് "...

ഭാര്യ: " നേരം വെളുക്കുമ്പോള്‍ മുതല്‍ വരാന്തയില്‍ പല്ലിളിച്ചിരിക്കുന്ന
ഈ പുല്ലനാണല്ലോ എന്നെ ഇരയായിട്ട് ഇട്ടുകൊടുത്തത്...
എന്റെ ഡിങ്കേശ്വരാ......"!!!


കുഞ്ഞും കൊതുകും



കൊതുകേ.... കൊതുകേ.. കുത്തരുതേ..
കുഞ്ഞിനെയൊന്നും ചെയ്യരുതേ...
കഞ്ഞികുടിച്ചു മയങ്ങുന്നെന്‍ (ന്നുടെ)
പൊന്നിനെയൊന്നും ചെയ്യരുതേ...


പാറിപ്പാറി നടന്നോളൂ...
ഏറേ പാടി തന്നോളൂ..
ചെവിയില്‍ ചെന്നു പറഞ്ഞോളൂ..
ചെല്ലക്കുഞ്ഞേ.. ചാഞ്ചക്കം...


നാടുകള്‍ കവലകള്‍ ഓടക്കുഴിയില്‍
കാടു പിടിക്കും വീടിന്‍‍ വഴിയില്‍
മുട്ട വിരിഞ്ഞു പിറക്കും നീയെന്‍
കുട്ടനെയൊന്നും ചെയ്യരുതേ


രോഗം പലതും നീ നല്‍കും
ലോകം മുഴുവന്‍ അതു പകരും
അയ്യോ കുഞ്ഞികള്‍ കരയൂല്ലേ..
നീയോ ക്രൂരത വെടിയൂല്ലേ..


കൈയില്‍ കുത്ത്യാല്‍ ചൂടപ്പം
മെയ്യില്‍ തൊട്ടാല്‍ ഇടിയപ്പം
കൂട്ടിന്‍ മേനിയിലിങ്ങു കടന്നാല്‍
കട്ടായം നിന്‍ കഥ കഴിയും


പാരില്‍ പാപം വിതറുമ്പോള്‍
നേരും നെറിയും നീറുന്നൂ...
മാരകമാം നിന്‍ ജന്മത്തില്‍
ആരും നരകം തന്നീടും


ചായോം ചാരായോം


ഇളയവന്‍: "അപ്പാ, ചായോം ചാരായോം തമ്മിലെന്താ വ്യത്യാസം..???
ഞാന്‍: "എടാ, ചായമെന്നാല്‍ വിവിധ വര്‍ണ്ണങ്ങളോ വര്‍ണ്ണത്തിനുള്ള വസ്തുക്കളോ ആണ് "
ചായമടിച്ചു പലതും മോടിയാക്കുവാനാകുന്നു.

"ചാരായമെന്നാല്‍ അതൊരു ലഹരി ദ്രാവകമാണ്...
ഇതുള്ളിലെത്തിയാല്‍ ശരീരത്തിന്റേയും മനസ്സിന്റേയും സമനില തെറ്റുന്നു"

ഇളയവന്‍: "എന്റെയപ്പാ..!!! അതൊന്നുമല്ല ;
ചായം ഒരു മൂടുപടവും
ചാരായം ഒരു മൂഢ പടവുമാണ് "...

ഭാര്യ: " നേരം വെളുക്കും മുമ്പേ ചായം പൂശി
ചാരായോം മോന്തിയിരിക്കുന്ന ഈ 'മൂഢനോ'ടാണല്ലോ
കൊച്ചിന്റെ സംശയം.... ഗതികേട്........... "!!!




Friday, 3 January 2014

അലങ്കാരവും അഹങ്കാരവും

അലങ്കാരവും അഹങ്കാരവും

ഇളയവന്‍:  "അപ്പാ, അലങ്കാരവും അഹങ്കാരവും തമ്മിലെന്താ വ്യത്യാസം..???
ഞാന്‍: "എടാ, അഹങ്കാരമെന്നാല്‍ നമുക്കുള്ളതുവച്ചോ ഇല്ലാത്തതുണ്ടെന്നു നടിച്ചോ
മറ്റുള്ളവരുടെ മുന്നില്‍ നാം കേമത്വം കളിക്കുന്നതും
അതിന്റെ പേരില്‍ മറ്റുള്ളവരെ തഴഞ്ഞോ താഴ്ത്തുിയോ കുറ്റപ്പെടുത്തിയോ
കളിയാക്കിയോ കൊച്ചാക്കിയോ പരിഗണിക്കാതെയോ
സ്വയം പൊങ്ങി നടക്കുന്നതുമായ ഒരു അവസ്ഥ...
ഒറ്റവാക്കില്‍ പറഞ്ഞാല്‍  ഞാനെന്ന ഭാവം"..

"അലങ്കാരമെന്നാല്‍...
മോടി പിടിപ്പിക്കലാണ്.. സന്തോഷത്തിന്റ വികാരമാണിതിലധികവും
ആസനത്തില്‍ ആല് കിളിര്‍ത്താല്‍ അതും അലങ്കാരമായി കാണുന്നവര്‍ എന്ന്
ഒരു കളിയാക്കല്‍ പ്രയോഗമുണ്ട് നമുക്കിടയില്‍ "

ഇളയവന്‍: "ഹോ...!!! എന്റെയപ്പാ..!!! അതൊന്നുമല്ല ;
അലങ്കാരമെന്നതു ദാരിദ്ര്യവും
അഹങ്കാരമെന്നതു ദൗര്‍ബ്ബല്യവുമാ"...

ഭാര്യ: "ദാരിദ്ര്യത്തിലും അലങ്കാരം ദൗര്‍ബ്ബല്യമായ
ഒരു 'അഹങ്കാരി'യാണല്ലോ
ഈ വീടിന്റെ........... ദാരിദ്ര്യം"!!!


Thursday, 2 January 2014

അഭിമാനവും അപമാനവും

അഭിമാനവും അപമാനവും

ഇളയവന്‍:  'അപ്പാ, അഭിമാനവും അപമാനവും തമ്മിലെന്താ വ്യത്യാസം..???
ഞാന്‍: "എടാ, പേരും പെരുമയുംകൊണ്ട് സമ്പത്തും സന്താനവും കൊണ്ട്
അങ്ങനെയങ്ങനെ പലതും കൊണ്ട്
മറ്റുള്ളവരുടെ മുന്നില്‍ നാം കേമരാകുന്നതോ
മറ്റുള്ളവരാല്‍ നമ്മള്‍ പ്രകീര്‍ത്തക്കപ്പെടുന്നതോ ആയ അവസ്ഥയില്‍
നമ്മളില്‍ ഉണ്ടാകുന്ന ഒരു ഉയര്‍ന്ന മനോസഞ്ചാരം..
ഇതിന്റെ ഒരു പരിധി കഴിയുന്നത് ദുരഭിമാനമായി പരിണമിക്കും"..

"അപമാനമെന്നാല്‍...  പലതുകൊണ്ടും നമ്മള്‍
തഴയപ്പെടുന്നതോ താഴ്ത്തപ്പെടുന്നതോ കുറ്റപ്പെടുത്തുന്നതോ ആയ അവസ്ഥയില്‍,
നമ്മളിലുണ്ടാകുന്ന ഒരു ഒറ്റപ്പെടലിന്റെ അഥവ വേദനയുടെ മനോസഞ്ചാരം"..

ഇളയവന്‍: "എന്റെയപ്പാ..!!! അതല്ല ;
അഭിമാനം അജ്ഞതയും
അപമാനം അഹന്തയുമാണ് "..

ഭാര്യ: "അജ്ഞതയാല്‍ അഭിമാനം കൊള്ളുന്ന ഒരു 'അഹന്ത'യാണല്ലോ
ഈ വീടിന്റെ അപമാനം"..!!