Sunday, 3 August 2014

ഭാഷിണിയും ഭീഷണിയും

ഇളയവന്‍ ചോദിച്ചു- “അപ്പാ..

                          ‘ഭാഷിണിയും ഭീഷണിയും’ തമ്മിലെന്താ വ്യത്യാസം”

ഞാന്‍ പറഞ്ഞു- “നീ തന്നെ പറ”

അവന്‍-      എന്‍റെയപ്പാ... ഭാഷിണിയെന്നാല് ‘അടിച്ചേല്‍പ്പിക്കലും’


            ഭീഷണിയെന്നാല് ‘പിടിച്ചടക്കലുമാണ്’

Thursday, 24 July 2014

നാമെത്ര പങ്കിലം

ചപ്പാത്തിപ്പടം പത്രത്തിലു വന്ന ആവേശത്താല്‍
ക്ലാസുമുറിയിലെ ഒരു സംഘിക്കുട്ടി പറഞ്ഞു
നോമ്പിലൊന്നുമല്ല ഊമ്പലിലാണവന്‍
(തിന്നുകയെന്നതിന്‍റെ നാടന്‍ പ്രയോഗം)
ഇതു കേട്ട് നസ്രാണിയുൾപ്പെടെയുള്ള ചുറ്റുമതിലുകൾ പൊട്ടിച്ചിരിച്ചു
ഞാനും ചിരിച്ചു... മുസ്ലിംകുട്ടി എന്നെ നോക്കി...
മാഷും ചിരിക്യേ..??? എന്നവന്‍ വിചാരിച്ചിട്ടുണ്ടാവും
ഞാന്‍ പറഞ്ഞു വിഡ്ഢ്യോളെ എന്തബദ്ധാ നിങ്ങളീ പറേണത്
മതസ്വാതന്ത്ര്യം യഥേഷ്ടോള്ള നാടല്ലേ.. മ്മ്ടേ
മ്മ്ടെ നാട്ടില്മെ എല്ലോര്‍ക്കും ല്ലേ ജവിക്കാനൊള്ള അവകാശം..
അവരവര്ടേ ആചാരങ്ങളെ അവരവര് ആരാധിക്കണു ആദരിക്കണു 
തന്നെയല്ലേ മ്മ്ളും ചെയ്യേണ്ട്ത്..
അതിമ്മേ കേറി അഹങ്കരിക്യേ... ?? ? കഷ്ടം തന്ന്യേ...
ഹിന്ദൂനില്ല്യേ നോമ്പ്... ?? നസ്രാണിക്കില്ല്യേ നോമ്പ്... ??
അതൊക്കെ കൃത്യായി നോക്കണുണ്ടോ ഈ വിദ്വാന്മാര്‍.. ??
പിന്നെന്ത്യേ.. ??
ഇസ്ലാമിനു ആയിക്കൂടാന്ന് ണ്ടോ ഇവ്ടേ... ??
ന്‍റെ കുട്ട്യോളെ.... ങ്ങള് ജനിക്കുമ്പം ദാനം കിട്ടണ സാധനാ 
ഈ മതംന്ന് ള്ളത്
അദ് അവ്ടെ അങ്ങ്നെ നിക്കണേന് മ്മ്ക്ക് എതിര് ന്നും ബേണ്ടാല്ലോ
ന്‍റെ കുട്ട്യോൾക്ക് അദൊന്ന്വാ ല്ലാ.. പ്പോ ണ്ടാവേണ്ടേ...
മനുഷ്യത്ത്വാ....!!! മനുഷ്യത്വം..!!!
അത് ഉള്ളില് അങ്ങ്നെ നിറ്യേണം...! നെറഞ്ഞാ നിക്ക്യേണം ട്ടോ...
മതങ്ങള് തെറ്റെന്ന് മാഷ് പറയൂല്ല.. ക്ഷേ....
മനുഷ്യത്ത്വം വളരണേന് മതങ്ങള് കൂട്ടു നിക്യാ ചെയ്യ്യേണ്ടത്
പ്പോ മ്മ്ക്ക് ഒറ്റ മതേ ള്ളൂ... മനുഷ്യനേ !!!.
അതന്നേ... മനുഷ്യന്‍...!!!”

എപ്പെഴൊക്കെയോ കൊഴിഞ്ഞേക്കാവുന്ന മനസ്സും
മനസ്സിനെ പൊതിഞ്ഞുകെട്ടി നിലനിര്‍ത്തുന്ന ശരീരവും
എക്കാലത്തും ആര്‍ക്കും സ്വന്തമായിരിക്കില്ല.
പുരാണവും പുരാതനവും പഴമയും ചൊല്ലി അഹങ്കരിക്കാനല്ലാതെ
മനുഷ്യനുവേണ്ടി മതങ്ങളൊരിക്കലും നിലകൊണ്ടിട്ടില്ല.
അധികാര കൊത്തളങ്ങളിലെ അടിച്ചമര്‍ത്തലുകൾക്കുവേണ്ടി
ബുദ്ധിപൂര്‍വ്വം വളര്‍ത്തിയെടുത്ത
ഒരു ‘ആഭ്യന്തര’ ആയുധം മാത്രമാണു മതങ്ങൾ..
ചരിത്രങ്ങൾ പകര്‍ന്നുതരുന്ന പാഠങ്ങളെ പഠിക്കുകയും
അപഗ്രഥിക്കുകയും ചിന്തിക്കുകയും ചെയ്യാനുള്ള പ്രാപ്തി നമ്മിലുണ്ടാവണം..
ചരിത്രങ്ങളിലെല്ലാം തന്നെ പറയുന്നത്
ഓരോ മതവും ഓരോരോ ഘട്ടത്തില്‍
ഓരോരോ ഭരണ/ അധികാര വര്‍ഗ്ഗം നമ്മളിലടിച്ചേല്‍പ്പിച്ചവയെന്നാണ്.
ഒരു മതത്തെ തകര്‍ത്ത് മറ്റൊരു മതത്തെ കെട്ടിവയ്ക്കുകയെന്ന ഭ്രാന്ത്
ദൈവത്തിന്‍റെ പേരിലുണ്ടാവുന്നത്
ഏന്തോ.. പുണ്യം കിട്ടുമെന്ന വിശ്വാസം കൊണ്ടു മാത്രമാണ്..
അങ്ങനെ ചെയ്തവരുടെയൊക്കെ തലമുറകളുടെ പുണ്യക്കണക്ക്
ആരെടുത്തിട്ടുണ്ടോ ആവോ ...
മനുഷ്യനാവാനാണ് നാം മതങ്ങളെ കൂട്ടു പിടിക്കേണ്ടത്.
മതം ജീവിതമാര്‍ഗ്ഗമോ സുഖസൌകര്യങ്ങളോ സമ്പാദ്യങ്ങളോ
സമ്പത്തുകളോ സംഘടനകളോ പ്രദാനം ചെയ്യുന്നുവെങ്കില്‍
അത് അതിന്‍റെ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയെന്നു തീര്‍ച്ചയാക്കാം... കച്ചവടത്തിന്‍റെ ലാഭവിഹിതം മതങ്ങളിലേക്കു കൂട്ടിച്ചേര്‍ക്കുമ്പോൾ
നഷ്ടക്കണക്ക് വെറും വിശ്വാസികൾക്കു മാത്രമായിരിക്കും.
ഇന്ന് ഒരേ മതവിഭാഗത്തില്‍പ്പെട്ട സമുദായങ്ങളും ജാതികളും തമ്മില്‍
'ഈ ദൈവം, ആര്‍ക്കു സ്വന്തം എന്നപേരില്‍ പോരാടിക്കൊണ്ടിരിക്കുന്നു..

സമ്പാദ്യവും സമ്പത്തുമുള്ള ദൈവങ്ങൾക്ക് അവകാശികളും തര്‍ക്കങ്ങളും
കൂടുതലായിക്കൊണ്ടിരിക്കുന്നു...
ഈ പോരാട്ടങ്ങളൊക്കെ അവസാനിപ്പിക്കാന്‍ ദൈവങ്ങൾക്കൊന്നിനും
ശക്തിയില്ലെന്നായിരിക്കുന്നു.

ഹേ മനുഷ്യാ... നിന്‍റെ വിശ്വാസവും അര്‍പ്പണവും
അവരവരു ജീവിക്കുന്ന ഈ പ്രപഞ്ചത്തോടായിരിക്കണം
ജീവന്‍ നിലനിര്‍ത്തുന്ന ഈ ഭൂമിയോടായിരിക്കണം
ദാനം തരുന്ന ഈ മണ്ണിനോടായിരിക്കണം
പരസ്പര പൂരകങ്ങളായ ജീവജാലങ്ങളോടായിരിക്കണം..
അല്ലാത്തപക്ഷം നിനക്കു സ്വപ്നം കാണാനവകാശമില്ല
നീ നശിപ്പിക്കുന്നത് നിന്‍റെ  തലമുറകളേയും അവരുടെ കനവുകളെയുമാണ്...
എനിക്കുശേഷം പ്രളയമെങ്കില്‍... മതി.. അതുമതി
നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ഭൂമിയോടൊത്തലിഞ്ഞൊടുങ്ങാം..

Wednesday, 4 June 2014

ദേശീയ മത്സരം... ജാര്‍ഖണ്ട് 

ജാര്‍ഖണ്ടിനു പുറപ്പെടുന്ന നേരത്ത് ടീം മാനേജരായ ചന്ദ്രണ്ണന്‍ ചോദിച്ചു “മഷേ, അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നറിയുമോ”... ?
ഞാന്‍ പറഞ്ഞു. “ഖനികളുടെ നാടല്ലേ...
ബൊക്കാറോ സ്റ്റീല്‍ ഫാക്ടറിയും കല്‍ക്കരിഖനികളും അവിടുത്തെ പ്രത്യേകതയല്ലേ”
പിന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിയുടെ നാടും
അദ്ദേഹം ഉടനെ പറഞ്ഞു- “അതുമാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലുതും ഉയര്‍ന്ന ഉത്പാദന ക്ഷമതയുള്ളതുമായ പവ്വര്‍ഹൌസ് ജാര്‍ഖണ്ടിലെയാണ്”
ഞാനംഗീകരിച്ചുകൊണ്ടു മൊഴിഞ്ഞു “നിങ്ങൾ വൈദ്യുതി വകുപ്പിന്‍റെ ആളായതുകൊണ്ടാണല്ലോ ഇത്ര ഉറപ്പ്... ശരി ചെന്നു നോക്കാം എങ്ങനെയായിരിക്കുമെന്ന് ”
27-നു രാത്രി ജാര്‍ഖണ്ടിലെ കുഡര്‍മ്മ ജില്ലാ ആസ്ഥാനത്തിലെ ജുമരിതലയ എന്ന സ്ഥലത്തെത്തിയ ഞങ്ങളെ വരവേറ്റത് മുടിഞ്ഞ മഴയും നിറഞ്ഞ ചെളിയും മലമൂത്രവിസര്‍ജ്ജ്യങ്ങളും അഴുക്കുചാലും ചേര്‍ന്ന് ഒന്നായി രമിക്കുന്ന വഴിയുമാണ്.. വൈദ്യുതിയില്ലാതിരുന്നതിനാല്‍ കൂടുതലൊന്നും കാണേണ്ടി വന്നില്ല. നിറയെ ഫാനും ലൈറ്റുകളുമുള്ള, കൊതുകുകളുടെ ആസ്ഥാനകേന്ദ്രത്തില്‍ത്തന്നെ അക്കോമഡേഷന്‍ തരപ്പെട്ടതുകൊണ്ട് ഉറക്കം ഗംഭീ(ക)രമായി.
നേരം ഒരുപാടു വെളുത്തതോര്‍ത്ത് ചാടിയെണീറ്റപ്പോഴാണ്... കൈയിലെ ഘടികാരത്തില്‍ മണി അഞ്ചുപോലുമായിട്ടില്ല എന്നറിഞ്ഞത്. സത്യത്തില്‍, 8- മണിയുടെ പ്രതീതിയാണുണ്ടായിരുന്നത്. പിന്നീടു കിടക്കാനൊരുങ്ങാതെ പ്രഭാത കൃത്യങ്ങൾ കൃത്യമായി തീര്‍ത്ത് കുളിച്ചുന്മേഷവദനനായി കൊതുകാസ്ഥാന കേന്ദ്രത്തിലെ
അത്ര സ്ഥിരതയില്ലാത്ത മാനേജരോടു ഞാന്‍ ചോദിച്ചു.
“ഇവിടെ ഫാനൊക്കെ പ്രവര്‍ത്തിക്കുന്നതാണോ”....?
അയാളുടനെ മറുമൊഴി വിട്ടു:- “കറണ്ടു വരുമ്പോൾ മാത്രം സാര്‍”....
ഞാന്‍:- “അതെന്താ”….?
അയാൾ:- “ഇവിടെ 9-മണിക്കൂര്‍ പവ്വര്‍കട്ടാണ് സാര്‍”...
ഞാന്‍:- “ഇന്ത്യയിലെ ഏറ്റവും വലിയ പവ്വര്‍ഹൌസ് അല്ലേ. ഇവിടുള്ളത്”… ?
അയാൾ:- “അറിയില്ല സാര്‍”...!!!
ഞാന്‍:- “നിങ്ങൾക്കിവിടെ സമരവും ഹര്‍ത്താലും ബഹളവുമൊന്നുമില്ലേ”..?
അയാൾ:- “അതെന്തിനാ സാര്‍”...?
എന്നിലെ വിപ്ളവകാരി സടകുടഞ്ഞെണീറ്റു പ്രതികരിച്ചു ഇങ്ങനെ 9-മണിക്കൂര്‍ പവ്വര്‍ക്കട്ടു ശരിയല്ലല്ലോ”…!!!
അയാൾ:- “അതൊന്നും ഞങ്ങൾക്കറിയില്ല സാര്‍... കാലങ്ങളായി ഞങ്ങൾക്കിതു ശീലമാ. ആര്‍ക്കും ഇതൊന്നും ഒരു പ്രശ്നമേയല്ല..സാര്‍
ജീവിക്കാനുള്ള തത്രപ്പാടില്‍ ഇതൊക്കെ നോക്കാന്‍ ആര്‍ക്കാണു നേരം...”
ഞാനതിശയിച്ചു പോയി...!!!
നമ്മുടെ കേരളത്തിലാണെങ്കില്‍...??? ഒന്നാലോചിച്ചു നോക്ക്യേ…!!!
ഒരു സര്‍ക്കാരിനെത്തന്നെ താഴെയിറക്കാന്‍ പോരുന്ന
വിലപിടിപ്പുള്ള സാധനമാണിത്..
ഒരു സെക്കന്‍റു കറണ്ടുപോയാല്‍.. എവിടെ നിന്നൊക്കെ വിളി വന്നിരിക്കും.. അവര്‍,
മന്ത്രി മുതല്‍ സകല കറണ്ടുദ്യോഗസ്ഥന്‍റേയും നെഞ്ചത്തോട്ടു കേറി തന്തയേയും തള്ളയേയും മാത്രമല്ല അവരുടെയൊക്ക
മണ്മറഞ്ഞ കാരണവന്മാരെ വരെ തെറികൊണ്ടു കുളിപ്പിക്കും
പരമ്പരാഗതമായ ഹര്‍ത്താല്‍ പരമ്പരതന്നെ നടത്തിയേനേ...
ഇവിടാണെങ്കിലോ.. 9-മണിക്കൂര്‍ പവ്വര്‍ക്കട്ടും കറണ്ടുണ്ടെങ്കിലോ
വന്നു പോകുക മാത്രമല്ല.
മൊബൈലു ചാര്‍ജു ചെയ്യുമ്പോൾ ടി.വിയും റൂമിലെ ലൈറ്റും വര്‍ക്കാവില്ല
ലൈറ്റിടുമ്പോൾ മൊബൈലും ടി.വിയും ചാര്‍ജാവില്ല. ടി.വി. ഓണാക്കുമ്പോൾ മൊബൈലും ലൈറ്റും വര്‍ക്കാവില്ല
അങ്ങനെ അങ്ങുമിങ്ങും പ്രശ്നങ്ങളുണ്ടാക്കുകയാണ്
കറണ്ടുള്ളപ്പോളുള്ള 'വോൾട്ടേജി'ന്‍റെ 'പണി'
ഈ നാടിനെ അപേക്ഷിച്ച് പലതുകൊണ്ടും
നമ്മുടെ നാടെത്ര സ്വര്‍ഗ്ഗമെന്നു തോന്നും...
ഉയര്‍ന്ന ചിന്തയും സമത്വവും സ്വാതന്ത്ര്യവും അവകാശവും നേടാന്‍ കരുത്തുള്ള ഒരു രാഷ്ട്രീയദൃഷ്ടിപോലും
ഇവിടുത്തെ ജനതയുടെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടേയില്ലെന്ന് എനിക്കു മനസ്സിലായി.
വൈകാരികവും മതപരവുമായ ചില സന്ദര്‍ഭങ്ങളില്‍ പൊട്ടിത്തെറിക്കുന്നതല്ലാതെ അവര്‍ മറ്റൊന്നിലും ശ്രദ്ധിക്കാതെ, അന്നന്നത്തേയ്ക്കായി സ്വജ്ജീവിതം മുന്നോട്ടു തള്ളിനീക്കുന്നു. സന്തോഷത്തോടെ ജീവിക്കുന്നു.
വരും തലമുറയ്ക്കു കാത്തുവയ്ക്കാനൊന്നുമില്ലാത്തവരില്‍ നിന്ന്... കുട്ടികളൊന്നൊന്നായി പലായനം ചെയ്യുന്നു അഥവാ മറ്റുള്ളവരാല്‍ കടത്തപ്പെടുന്നു.
ഉയര്‍ന്ന ചിന്തയും പ്രവര്‍ത്തനവുംകൊണ്ട് എന്‍റെ നാടിനെ സ്വര്‍ഗ്ഗമാക്കുകയും...
എന്തുതന്നെ പറയാനും എങ്ങനെയും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശങ്ങൾ നേടിയെടുക്കാനുള്ള സാഹചര്യവും ഒരുക്കിത്തരുകയും....
തുടര്‍ സമരങ്ങളിലൂടെ ജീവനും ജീവിതവും നാടിനര്‍പ്പിക്കുകയും..
ചെയ്തിട്ടുള്ള പൂര്‍വ്വികന്മാരേ...
നിങ്ങളെ എത്രവട്ടം നമിച്ചാലും അതൊട്ടും മതി വരില്ല..
നിങ്ങളോടുള്ള കടപ്പാടു മറക്കാത്ത കുറച്ചുപേരെങ്കിലും ഇനിയും ഇവിടങ്ങളില്‍ അവശേഷിക്കുന്നു.
പുത്തന്‍ നാമ്പുകൾ സുഖലോലുപതയിലേക്കു പതിക്കുന്നത്
നിങ്ങളോടുള്ള വഞ്ചനതന്നെയാണ്...
നാശം... എല്ലാത്തിനുമുണ്ടല്ലോ.... അതല്ലേ ശരി…
അല്ലേ..???

Wednesday, 12 March 2014

എരപ്പനും തൊരപ്പനും

ഇളയവനിന്നു ഫോണിലൂടെ ചോദിച്ചു :-
     "എരപ്പനും തൊരപ്പനും തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... എരപ്പനെന്നാല്‍ ..  
      എരന്നോ തെണ്ടിയോ നടക്കുന്നയാളെ
 പറയുന്നതാ..ചിലയിടങ്ങളില്‍ 
 പിശുക്കുള്ളയാളെയും ഇങ്ങനെ വ്യാഖ്യാനിക്കാറുണ്ട് "...

"തൊരപ്പനെന്നാല്‍ ... എലി വർഗ്ഗത്തിലെ ഒരു വിഭാഗമാണ്..
എന്തിനിട്ടും പാര അഥവാ തുരങ്കം വയ്ക്കുന്നയാളെ
പൊതുവായി ഇങ്ങനെ വിളിക്കാറുമുണ്ട് ".....

ഇളയവന്‍:-  "എന്‍റെയപ്പാ തോന്ന്യാസം പറയാതെ..
     എരപ്പനെന്നാല്‍  രാഷ്ട്രീയത്തൊഴിലാളിയും....
തൊരപ്പനെന്നാല്‍  സ്ഥാനമോഹിയുമാണ്.."

ഭാര്യ:-  "ചിലരൊക്കെ, ഇതു രണ്ടുംകൂടി ചേർന്നുണ്ടായ
       ജന്മമാണല്ലോ തമ്പുരാനേ"..!!!
       ( ഡിങ്കേശ്വരനെ നോക്കി ലവളു പറഞ്ഞത്
       എനിക്കു കേൾക്കാന്‍  വേണ്ടിത്തന്നെയായിരുന്നു...)
        

Sunday, 16 February 2014


അയ്യപ്പന്‍
(എന്റെ തോന്ന്യാസങ്ങളില്‍ നിന്നെടുത്ത ചില വരികള്‍)
അയ്യപ്പനെന്ന കവിയുടെ മരണവും മരണാനന്തര ചടങ്ങുമുണ്ടാക്കിയ വേദനയില്‍നിന്ന്
ഉരിത്തിരിഞ്ഞ വരികളാണിത്.
പ്രകൃതിയിലുള്ളതുപോലെ നന്മയും തിന്മയും ഓരോ മനുഷ്യന്റേയും
ഉള്ളിലുമുണ്ട്.. അതിന്റിഷ്ടാനിഷ്ടംപോലെ അഭിപ്രായക്കാരുമുണ്ടാവും..
എങ്കിലും, ആദരവിനുവേണ്ടിയുള്ള അനാദരവ് കണ്ടപ്പോള്‍
എനിയ്ക്കൊട്ടും അടക്കാനായില്ല..
അയ്യപ്പന്റെ കവിതകളും അതിലെ ജീവിതവും ജീവനുള്ളതാണ്..
മരണമില്ലാത്ത അതിനെ ആരും കൊല്ലാതിരിക്കട്ടെ...

അയ്യപ്പന്‍...

ഒരു തലയാല്‍ ഇവനുണ്ടാക്കിയതെല്ലാം
ഇരു മുലയാലവളങ്ങെടുത്തൂ...(ഭൂമി.. സുഖ-ദു:ഖം )
ഒരു പേനയാല്‍ ഇവനെഴുതിയതെല്ലാം
ഓരോ പേ...നായയും കട്ടു
പിറദോഷം ചൊല്ലിയ നക്ഷത്രം
നിറകള്ളാലാ കുലം മുടിച്ചു

ഒരു കുഞ്ഞില്ലാ ദുഖമില്ലൊട്ടും
ഒരു പഞ്ഞവും സുഖമല്ലയൊട്ടും
അരികില്‍ അറിയാ നിറക്കൂട്ടുകള്‍
കോറും നീറുന്ന കഥയുമില്ലൊട്ടും
മരണമപ്പുറം നിറപ്പാനോരോ
വരിയുമടിതെറ്റി നടന്നു കൂടെ

നിറയ്ക്കാന്‍ ചില്ലു നിറഞ്ഞ രാവില്‍
ഇരാക്കാനില്ലായ്ക വീടിറങ്ങി
ഒരു കഴുമരവും ഭയന്നില്ലവന്‍
വെറും കഴുതയോടും കടം പറഞ്ഞു
ഊര്‍ദ്ധമോടെ വഴിയടഞ്ഞൂ ചുറ്റും
ആര്‍ത്തമോടെ പറന്നു കഴുകരും

മരണമാശ്വാസമായ നേരത്തോരോ
തരിയുമവനെ കൊന്നൊടുക്കി
അരികിലാളിക്കത്തുന്നവനുടെ നേരും
നേര്‍മ്മയുമന്ധവിശ്വാസവും
ദൂരെച്ചിരിക്കും ബിവറേജു കുപ്പികള്‍
ഓരോ ചങ്ങാത്ത ബന്ധവും സ്വന്തവും

ഓരോ കര്‍മ്മവുമെതിര്‍ത്തൂ.., ചിലര്‍-
ആരോ കര്‍മ്മവും ചെയ്തൂ മടങ്ങി.
പേരില്ലാത്തയാരോ പോരെടുത്തു
പോരില്ലാത്തയാരോ പേരെടുത്തു
പോരാടുവോര്‍ പിന്നെ പോരാതെയായി
പോരെന്ന പൂതിയോ മാത്രമായി

ഒരു ജന്മമൊരുക്കൂട്ടിയതെല്ലാം
ഓരോ ജന്മിയും പകുത്തെടുത്തു
ഓര്‍മ്മതന്‍ കാരാഗൃഹമടഞ്ഞൂ
മറക്കാത്തയാരോ തെറി പറഞ്ഞു
മരംപോയ് പുഴയും പലതാം മനവും
തരംപോല്‍ 'വരയും' വരവുപോക്കും.

Wednesday, 12 February 2014

ക്ലോക്ക്..

ചെറിയവന്‍, സൈക്കിള്‍ സ്വയം ചവിട്ടിയുപയോഗിക്കാന്‍ പഠിച്ചത് രണ്ടാംതരത്തിലെ ക്രിസ്തുമസ്സ് അവധിക്കാലത്താണ്.  വഴിവക്കിലുള്ള ജീവിതമായതുകൊണ്ടാവാം എന്റെയപ്പന്‍ രണ്ടാം ക്ലാസ്സുകാരനുമായി  ഒരു വ്യവസ്ഥയുണ്ടാക്കി. സ്കൂളുവിട്ടു വന്നുകഴിഞ്ഞാല്‍ ടീവി കാണാനും തേരാപ്പാര നടക്കാനും ചെറിയ തോതില്‍ അപ്പന്റെ വ്യാപാരത്തില്‍ സഹായിക്കാനും തയ്യാറാവണം..എന്നും  വൈകിട്ട്  7- തൊട്ട്  9 - വരെ പഠനം 9 - തൊട്ട്  9.30- വരെ കമ്പ്യൂട്ടര്‍ 9.30- തൊട്ട്  10- വരെ സൈക്കിള്‍ പഠനം. ഈ വ്യവസ്ഥ രണ്ടാളിനും സമ്മതം..
ഒരിക്കല്‍ 9.45 നു സ്കൂളിലെത്താന്‍ വേണ്ടി  9.30 നു തയ്യാറാകുന്ന ചെറിയവന്‍ ക്ലോക്കു നോക്കി എന്നോടു പറഞ്ഞു.. "അപ്പാ ഈ സൂചിയില്ലേ.. രാവിലെയാകുമ്പോഴേക്കുണ്ടല്ലോ ഭയങ്കരം സ്പീഡിലാ പോകുന്നേ.. അല്ലേ, രാത്രിയികുംമ്പം ല്ലേ...  അതു  പതുക്കനെ പതുക്കനെയാ  പോകുന്നത്...." അതെന്താ പ്പാ..??
എനിക്കു മനസ്സിലായി.. ഉറക്കക്കാരനെ രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കുന്നതിന്റേയും.. കിടക്കാന്‍ താമസ്സിക്കുന്നതിനു വഴക്കു പറഞ്ഞു കിടത്തുന്നതിന്റെയും പ്രതിഷേധമാണ് ഈ ചോദ്യത്തിന്റെ പിന്നിലെന്ന്..
ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാത്തപ്പോള്‍ നമ്മളിലൊക്കെ ഉണ്ടാകുന്ന ഒരുതരം അസ്വസ്ഥതയല്ലേ  ഇതും. .  

ഭക്ഷണവും... വൃഷണവും


ഇളയവന്‍ ഇന്നലെ വൈകിട്ടു ചോദിച്ചു :-   "

 ഭക്ഷണവും... വൃഷണവും
 തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... ഭക്ഷണമെന്നാല്‍, 
 ശരീരത്തിന്റെ നിലനില്പിനാവശ്യമായ ആഹാര പദാര്‍ത്ഥങ്ങളേയാണ് പറയുന്നത്...
 ഓരോ ജീവിക്കും അതിനനുയോജ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളു ഭൂമിയിലുണ്ട്."

 “വൃഷണന്നാല്‍.. പുരുഷ ജനനേന്ദ്ര്യയത്തിലെ ഒരു പ്രധാന ഭാഗത്തിന്റെ പേരാണ്"
  അണ്ഡകോശം, ബീജകോശം, എന്നിങ്ങനെയും പറയുന്നു.
  നിശ്ചിതമായ ചൂടു നിലനിര്‍ത്തി ബീജസംരക്ഷണം നടത്തുന്ന ഒരു സ്റ്റോറേജ് 
  എന്നും പറയാം..

മൂത്തവന്‍ "എടാ ഇതു രണ്ടും മനുഷ്യകുലത്തിന്റെ നിലനില്പിന്റെ അടിസ്ഥാന ഘടകങ്ങളാണ്,
 രണ്ടുമില്ലെങ്കില്‍ തലമുറകളുമില്ല ; കുലങ്ങളുമില്ല.."

ഇളയവന്‍:-  "എന്റപ്പാ.. ഏട്ടാ...
 ഭക്ഷണമെന്നാല്‍...  ‘ഉപഭോഗവും’
 വൃഷണമെന്നാല്‍.....  ‘ഉത്പന്നവും’......എന്നാണ്”

ഭാര്യ:- "ഭക്ഷണവും മോന്തി വൃഷണവും ചൊറിഞ്ഞ്
 'ഉത്പന്ന'ങ്ങളുടെ 'ഉപഭോഗ' സംസ്കാരം പ്രസംഗിക്കുന്ന
 സംസ്കാരമില്ലാത്ത ഒരു മനുഷ്യന്‍ "..!!!
 കവിയാണത്രേ.. കവി .....ത്..ഫ്... ഭ്ഭൂ..
 ഡിങ്കേശ്വരപടത്തിന്റെ ചില്ലിലെ എന്റെ പ്രതിബിംബത്തെ നോക്കി അവളു പറഞ്ഞത്.. 
 ഞാന്‍ കേട്ടതേ.........യില്ല.

Friday, 31 January 2014


വൃദ്ധരും..ശുദ്ധരും...


ഇളയവനിന്നു വൈകിട്ടു ചോദിച്ചു :-
   "വൃദ്ധരും..ശുദ്ധരും.. തമ്മിലെന്താ അപ്പാ വ്യത്യാസം" ..???

ഞാന്‍  പറഞ്ഞു:-  "എന്‍റെ  മോനേ... വൃദ്ധരെന്നാല്‍, ഏകദേശം
 അറുപത് അറുപത്തഞ്ചു വയസ്സ് കഴിയുന്നവരാണ്..
 ജീവജാലങ്ങളെല്ലാം അവയുടെ കാലചക്രമനുസരിച്ച്
 പ്രായമേറിക്കൊണ്ടിരിക്കും.. വാര്‍ദ്ധക്യമാവും...

 “ശുദ്ധരെന്നാല്‍.. കളങ്കമില്ലാത്തവരെന്നാണ്.
 കുടിലവും വളഞ്ഞതുമായ യാതൊന്നും
 തിരിച്ചറിയാന്‍ പ്രാപ്തി ഇല്ലാത്തവര്‍...
 നേരേ വാ നേരേ പോ എന്ന ആളുകൾ"

മൂത്തവന്‍ "എടാ വൃദ്ധരെന്നാല്‍, അവര്‍ കടലുപോലെയാണ്.
 ലോകത്തിലുള്ള എന്തൊക്ക അതില്‍ കൊണ്ടിട്ടാലും
 ഉപ്പുരസമേ അതിനുണ്ടാകൂ.. 
 ജാതിയോ, മതമോ, വര്‍ഗ്ഗമോ, നിറമോ, രാജ്യമോ ഏതുമാകട്ടെ
 പ്രായമായിക്കഴിഞ്ഞാല്‍ വൃദ്ധരെല്ലാം ഒറ്റ സ്വഭാവമാ..
 കടും പിടുത്തം"... ചിലര്‍ക്കു ഏകാന്തതയും

ഇളയവന്‍:-  "എന്‍റെയപ്പാ.. എന്‍റെയേട്ടാ...
 രണ്ടാളും ചേര്‍ന്നു  തോന്ന്യാസം പറയാതെ...  
 വൃദ്ധരെന്നാല്‍...  ‘ഭരണവും’
 ശുദ്ധരെന്നാല്‍.....  ‘പ്രജയും’...... ആണ്”

ഭാര്യ:- "ഈ അശുദ്ധന്‍റെ കടുംപിടുത്തം മൂലം ഭരണശേഷി നഷ്ടപ്പെട്ടു
 ഇത്ര ചെറുപ്പത്തിലെ വൃദ്ധയാകേണ്ടി വന്ന 
 ഒരു ശുദ്ധയായിപ്പോയല്ലോ ഞാന്‍ "..!!!
 ഡിങ്കേശ്വരന്റെ പടത്തിലോട്ടു നോക്കി അവളു പറയുന്നത്.. 
 കേട്ടതായി ഞാന്‍ ഭാവിച്ചില്ല.


Saturday, 25 January 2014

അവനവന്‍റെ കാലം... കലികാലം..


ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..

കടലുകള്‍ കരയുന്ന കാലം.. - വേഗം
വെയിലുകള്‍ വേവുന്ന കാലം..
മലകളും മാമരക്കുന്നും.. - നൊന്തു
തലയറ്റു വീഴുന്ന കാലം

കുടിലുകള്‍ പിടയുന്ന കാലം.. കനവിന്‍
പടവുകള്‍ ഉടയുന്ന കാലം..
മതിലുകള്‍ പെരുകുന്ന കാലം.. - ഓരോ
മതമിങ്ങു പൊരുതുന്ന കാലം

ബന്ധങ്ങളുലയുന്ന കാലം.. - തമ്മില്‍
ബന്ധിച്ചു വലയുന്ന കാലം..
'സന്ധി' കള്‍ വാഴുന്ന കാലം.. നേരില്‍
സന്ധിച്ചു വീഴുന്ന കാലം.

മണ്ണുകള്‍ പിരിയുന്ന കാലം.. - തങ്ങളില്‍
മൗനങ്ങള്‍ വിരിയുന്ന കാലം..
മറവിയില്‍ ഒളിയുന്ന കാലം.. - ഉള്ളില്‍
മറനീങ്ങി വിളയുന്ന കാലം.

തണലുകള്‍ തേടുന്ന കാലം.. - മുന്നില്‍
തുണചീറി ഓടുന്ന കാലം..
നിണമേകി നേടുന്ന കാലം.. - നമ്മില്‍
പിണമായി നീറുന്ന കാലം

പ്രണയം വിടരുന്ന കാലം... - ചാവിന്‍
ചുണയില്‍ പുണരുന്ന കാലം..
തണുവില്‍ പൊള്ളുന്ന കാലം.. - നാവിന്‍
തണലില്‍ തള്ളുന്ന കാലം

കാലങ്ങളോടുന്നു കണ്ണില്‍.. - നിത്യം
കാലപ്പഴക്കങ്ങളുള്ളില്‍..
കാലത്തികപ്പാര്‍ന്നു ഭൂവില്‍.. ന്‍റെ
കാലൊച്ച തീര്‍ക്കുന്നിതാഴി - ന്‍റെ

കാലൊച്ച തീര്‍ക്കുന്നിതാഴി - ...

ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..


മതിയില്ല വേഗം നടക്കുവാന്‍..- ഇനി
കൊതിയില്ല ദൂരം അടുക്കുവാന്‍..
ഗതിയില്ല നേരം പുതുക്കുവാന്‍...-ദര്‍
ഗ്ഗതിയില്ലോ കാലം കഴിക്കുവാന്‍


Wednesday, 22 January 2014


                പല്ലും പുല്ലും


ഇളയവന്‍: "അപ്പാ, പല്ലും പുല്ലും തമ്മിലെന്താ വ്യത്യാസം..???

ഞാന്‍: "എടാ, പല്ലെന്നാല്‍ ആഹാരസാധനങ്ങള്‍ ചവച്ചരയ്ക്കാന്‍ ഓരോ ജീവിയിലും കാല്‍സ്യനിര്‍മ്മിതമായിട്ടുള്ള അവയവം.
ചില യന്ത്രഭാഗങ്ങള്‍ക്കും വാള്‍, ചീപ്പ് എന്നിവയുടെ കൂര്‍ത്തഭാഗത്തിനും
തക്കോലിന്റെ ഉള്ളിലുള്ള ഒരു ഭാഗത്തിനും പല്ലെന്നു പറയുന്നു. “

"പുല്ലെന്നാല്‍ മൃഗങ്ങള്‍ തിന്നുന്നൊരു ആഹാര വസ്തുവാണ് …
പുഴയിലെ മണല്‍ത്തിട്ടക്കും 'വെറും നിസ്സാരം' എന്നയര്‍ത്ഥത്തിലും
ഇതു പ്രയോഗിക്കാറുമുണ്ട് "

ഇളയവന്‍: "എന്റെയപ്പാ..!!! അതൊന്നുമല്ലിത് ;
പല്ലെന്നാല്‍ 'വേട്ട'യും
പുല്ലെന്നാല്‍ 'ഇര'യുമാണ് "...

ഭാര്യ: " നേരം വെളുക്കുമ്പോള്‍ മുതല്‍ വരാന്തയില്‍ പല്ലിളിച്ചിരിക്കുന്ന
ഈ പുല്ലനാണല്ലോ എന്നെ ഇരയായിട്ട് ഇട്ടുകൊടുത്തത്...
എന്റെ ഡിങ്കേശ്വരാ......"!!!


കുഞ്ഞും കൊതുകും



കൊതുകേ.... കൊതുകേ.. കുത്തരുതേ..
കുഞ്ഞിനെയൊന്നും ചെയ്യരുതേ...
കഞ്ഞികുടിച്ചു മയങ്ങുന്നെന്‍ (ന്നുടെ)
പൊന്നിനെയൊന്നും ചെയ്യരുതേ...


പാറിപ്പാറി നടന്നോളൂ...
ഏറേ പാടി തന്നോളൂ..
ചെവിയില്‍ ചെന്നു പറഞ്ഞോളൂ..
ചെല്ലക്കുഞ്ഞേ.. ചാഞ്ചക്കം...


നാടുകള്‍ കവലകള്‍ ഓടക്കുഴിയില്‍
കാടു പിടിക്കും വീടിന്‍‍ വഴിയില്‍
മുട്ട വിരിഞ്ഞു പിറക്കും നീയെന്‍
കുട്ടനെയൊന്നും ചെയ്യരുതേ


രോഗം പലതും നീ നല്‍കും
ലോകം മുഴുവന്‍ അതു പകരും
അയ്യോ കുഞ്ഞികള്‍ കരയൂല്ലേ..
നീയോ ക്രൂരത വെടിയൂല്ലേ..


കൈയില്‍ കുത്ത്യാല്‍ ചൂടപ്പം
മെയ്യില്‍ തൊട്ടാല്‍ ഇടിയപ്പം
കൂട്ടിന്‍ മേനിയിലിങ്ങു കടന്നാല്‍
കട്ടായം നിന്‍ കഥ കഴിയും


പാരില്‍ പാപം വിതറുമ്പോള്‍
നേരും നെറിയും നീറുന്നൂ...
മാരകമാം നിന്‍ ജന്മത്തില്‍
ആരും നരകം തന്നീടും