Saturday, 25 January 2014

അവനവന്‍റെ കാലം... കലികാലം..


ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..

കടലുകള്‍ കരയുന്ന കാലം.. - വേഗം
വെയിലുകള്‍ വേവുന്ന കാലം..
മലകളും മാമരക്കുന്നും.. - നൊന്തു
തലയറ്റു വീഴുന്ന കാലം

കുടിലുകള്‍ പിടയുന്ന കാലം.. കനവിന്‍
പടവുകള്‍ ഉടയുന്ന കാലം..
മതിലുകള്‍ പെരുകുന്ന കാലം.. - ഓരോ
മതമിങ്ങു പൊരുതുന്ന കാലം

ബന്ധങ്ങളുലയുന്ന കാലം.. - തമ്മില്‍
ബന്ധിച്ചു വലയുന്ന കാലം..
'സന്ധി' കള്‍ വാഴുന്ന കാലം.. നേരില്‍
സന്ധിച്ചു വീഴുന്ന കാലം.

മണ്ണുകള്‍ പിരിയുന്ന കാലം.. - തങ്ങളില്‍
മൗനങ്ങള്‍ വിരിയുന്ന കാലം..
മറവിയില്‍ ഒളിയുന്ന കാലം.. - ഉള്ളില്‍
മറനീങ്ങി വിളയുന്ന കാലം.

തണലുകള്‍ തേടുന്ന കാലം.. - മുന്നില്‍
തുണചീറി ഓടുന്ന കാലം..
നിണമേകി നേടുന്ന കാലം.. - നമ്മില്‍
പിണമായി നീറുന്ന കാലം

പ്രണയം വിടരുന്ന കാലം... - ചാവിന്‍
ചുണയില്‍ പുണരുന്ന കാലം..
തണുവില്‍ പൊള്ളുന്ന കാലം.. - നാവിന്‍
തണലില്‍ തള്ളുന്ന കാലം

കാലങ്ങളോടുന്നു കണ്ണില്‍.. - നിത്യം
കാലപ്പഴക്കങ്ങളുള്ളില്‍..
കാലത്തികപ്പാര്‍ന്നു ഭൂവില്‍.. ന്‍റെ
കാലൊച്ച തീര്‍ക്കുന്നിതാഴി - ന്‍റെ

കാലൊച്ച തീര്‍ക്കുന്നിതാഴി - ...

ഇനിയെത്ര ദൂരം നടപ്പു നാം.
അതിലെത്ര നേരം ചിരിപ്പു നാം..
വിധിയെത്ര കാലം ചുമപ്പു നാം
മിഴിയത്ര കാലം നിറപ്പു നാം..


മതിയില്ല വേഗം നടക്കുവാന്‍..- ഇനി
കൊതിയില്ല ദൂരം അടുക്കുവാന്‍..
ഗതിയില്ല നേരം പുതുക്കുവാന്‍...-ദര്‍
ഗ്ഗതിയില്ലോ കാലം കഴിക്കുവാന്‍


No comments:

Post a Comment